സെന്‍റ് തോമസ് അച്ചുകൂടം

dionysius_ii_pulikkottil

…അപ്പഴപ്പോൾ ദൂരസ്ഥലങ്ങളിൽ പോയി പുസ്തകങ്ങൾ അച്ചടിപ്പിക്കുന്നതിനുള്ള അസൗകര്യത്തെ വിചാരിച്ചിട്ടു തനതായി ഒരു ഒരച്ചുകൂടം സ്ഥാപിക്കാനാണ് യൗസേപ്പുകത്തനാരു പിന്നീടു ശ്രമിച്ചത്. ….യൗസേപ്പുകത്തനാരു തലശ്ശെരിയിൽ പോയി അവിടെ ജെർമൻ മിഷ്യൻങ്കാർ ഉപയോഗിച്ചു വന്നിരുന്ന ഒരു കൽപ്രെസ് വാങ്ങി കുന്നം കുളംങ്ങരെ കൊണ്ടു വന്നു സ്ഥാപിച്ചു. …..യൗസേപ്പുകത്തനാരു സ്വന്തം അച്ചുകൂടത്തിൽ നിന്നു മലയാളത്തിൽ നമസ്കാരപ്പുസ്തകവും കുർബാന തക്സയും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി.

ഈ കല്ലച്ചു പിന്നീടു കൊച്ചിയിൽ കൊണ്ടു പോയി ഇട്ടിരുന്നു. അവിടെ നിന്നു കുറേ കഴിഞ്ഞ്അപ്പോൾ പരുമല സിമിനാരിയിലേക്ക് കൊണ്ടു പോയി. ഇപ്പോൾ ഇത് അവിടെ ഉപയോഗമില്ലാതെ കിടപ്പുണ്ട്.

(എം. പി. വർക്കി എഴുതി മലയാളമനോരമ 1901-ൽ പ്രസിദ്ധീകരിച്ച “മലങ്കരയിടവകയുടെ മാർ ദീവന്നാസ്യോസ മെത്രാപോലിത്ത“ എന്ന പുസ്തകത്തില്‍ നിന്നും, പേജ് 11, 12)

മലയാള വര്‍ഷം 1045 (1870): പുലിക്കോട്ട് മെത്രാന്‍ കുന്നംകുളങ്ങര നിന്നും കൊച്ചിയില്‍ വന്ന് അവിടെ താമസിച്ച് അച്ചടി തുടങ്ങുന്നതിന് വേണ്ടി 200 രൂപായ്ക്ക് അച്ച് മുതലായത് വാങ്ങിച്ചത് തന്നെയല്ലാ മുന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കല്ലച്ച് മുതലായതുംകൊണ്ട് കര്‍ക്കിടകമാസം 11-ന് മുളന്തുരുത്തി പള്ളിയില്‍ വന്നിരുന്ന് അച്ചടി മുതലായത് നിവര്‍ത്തിക്കുന്നതിന് വേണ്ടി ഒരു ഭാഗ്യചിട്ടി കൂടത്തക്കവണ്ണവും ആയത് ലക്ഷം നമ്പരും പേരൊന്നുക്ക് രണ്ട് ചക്രം വീതത്തില്‍ മുതല്‍ രൂപാ ഏഴായിരത്തില്‍ ഒന്ന് പാതി രൂപാ അച്ചടി മുതലായ ചിലവുകള്‍ക്കും ശേഷം രൂപാ കുറിയിട്ട് കിട്ടുന്നവര്‍ക്ക് മുറയ്ക്ക് കൊടുക്കത്തക്കവണ്ണവും നിശ്ചയിച്ച് ആ വകയ്ക്കുള്ള ടിക്കറ്റ്, പരസ്യം മുതലായത് കല്ലച്ചില്‍ അച്ചടിച്ച് വരുന്നു ((കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും, പേജ് 168).

കോട്ടയത്ത് വലിയപള്ളിയില്‍ എടവഴിക്കല്‍ പീലിപ്പോസ് കോറിഎപ്പിസ്കോപ്പാ അവര്‍കള്‍ സുറിയാനിക്കാരുടെ പഞ്ചാംഗമെന്ന് നാമധേയമായി ഒരു പുസ്തകം ഉണ്ടാക്കി കൊച്ചിയില്‍ സെന്‍റ് തോമസ് അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചിരിക്കുന്നു. ആ പുസ്തകത്തില്‍ സുറിയാനിക്കാരുടെ നോമ്പിന്‍റെ കണക്കുകളും പെരുന്നാളുകളും മലയാളത്തിലുള്ള പള്ളികളുടെ വിവരവും മറ്റും ചില വേദസംബന്ധമായ കാര്യങ്ങളും ആകുന്നു.

(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും, പേജ് 187.)

കോട്ടയത്തിന്‍റെ അത്താനാസ്യോസ് മെത്രാപ്പോലീത്തായും നിരണത്തിന്‍റെ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും വെട്ടിക്കല്‍ ദയറായില്‍ താമസിച്ച് കല്ലച്ച് മുതലായതുകൊണ്ട് പുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് താല്പര്യപ്പെട്ടു വരുന്നു.

(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും, പേജ് 413)

1055-ാമാണ്ട് കന്നി മാസം 26-ാം തീയതി (1880) പരുമല സിമ്മനാരിയില്‍ പാര്‍ക്കും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായോട് കമ്മീഷന്‍ സ്ഥലത്തു വച്ച് സത്യത്തിന്മേല്‍ വാങ്ങിയ മൊഴി. … വാദിയുടെ വക ആയി കട്ടില്‍, കിടക്ക, മേശ, കസേരകള്‍, കല്ലച്ചുകൂട്ടം, പെട്ടിബോട്ട് മുതലായി അനേകം സാമാനങ്ങള്‍ അവിടെ ഉണ്ട്.
(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും, പേജ് 466)

നേരത്തെ വൈദികന്‍ ആയിരുന്നപ്പോള്‍ കുന്നംകുളത്ത് പുലിക്കോട്ടില്‍ ജോസഫ് കത്തനാര്‍സ് പ്രസ് എന്ന പേരില്‍ ഒരു കല്ലച്ച് പ്രസില്‍ കുര്‍ബ്ബാന തക്സാ, മാമ്മൂദീസാക്രമം, വിവാഹക്രമം എന്നിവ സുറിയാനിയില്‍ 1850-കളില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ആ കല്ലച്ചുപ്രസ് കൊച്ചിയിലേക്കു മാറ്റി. പിന്നീട് വിദ്യാരത്ന പ്രഭയുടെയും അക്ഷരരത്നപ്രകാശികയുടെയും (V.R.P.; A.R.P.) സ്ഥാപകരായിരുന്നു കൊച്ചി പ്രസിലെ പ്രധാന ജീവനക്കാര്‍. പനയ്ക്കല്‍ ഐപ്പൂരുവിന്‍റെ പാണ്ടികശാലയില്‍ പ്രസ് പ്രവര്‍ത്തിച്ചു.

കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് കത്തനാഴ്സ് പ്രസ് കൊച്ചിയിലേക്കു മാറ്റി സെന്‍റ് തോമസ് പ്രസ് എന്ന് പേരിട്ടപ്പോള്‍ പുലിക്കോട്ടില്‍ മെത്രാച്ചന്‍ പഴയ സുറിയാനി കല്ലച്ച് പ്രസ് കൊച്ചിയില്‍ കൊണ്ടുവന്നിരുന്നു. പുലിക്കോട്ടില്‍ ജോസഫ് കത്തനാഴ്സ് പ്രസ് എന്ന പേരില്‍ കുന്നംകുളത്ത് സ്ഥാപിക്കപ്പെട്ട കല്ലച്ചുപ്രസ്. ഇതില്‍നിന്ന് മാമ്മൂദീസായും വിവാഹവും ചേര്‍ന്ന കുര്‍ബാനതക്സാ പുലിക്കോട്ടില്‍ ജോസഫ് കത്തനാര്‍ 1850-കളില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം മേല്പട്ടസ്ഥാനം പ്രാപിച്ച് താമസം കൊച്ചിയിലേക്ക് ക്രമീകരിച്ചപ്പോള്‍ തന്‍റെ താമസസ്ഥലത്ത് – പനയ്ക്കല്‍ അയ്പ്പൂരുവിന്‍റെ പാണ്ടികശാലയില്‍ – ആ പ്രസ്സ് മാറ്റിസ്ഥാപിച്ചു. സെന്‍റ് തോമസ് പ്രസ് എന്ന് പേരു നല്‍കി.

ഈ കല്ലച്ചുപ്രസ് കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് കത്തനാഴ്സ് പ്രസില്‍ ഉണ്ടായിരുന്നവയും പിന്നീട് കൊച്ചിയില്‍ പനക്കല്‍ ഐപ്പൂരൂവിന്‍റെ പാണ്ടികശാലയില്‍ ആരംഭിച്ച സെന്‍റ് തോമസില്‍ ഉപയോഗിച്ചിരുന്നവയുമാണ്. പിന്നീട് അത് വെട്ടിക്കല്‍ എത്തി. ഒടുവില്‍ പരുമലയിലും.

(കണ്ടനാട് ഗ്രന്ഥവരിയില്‍ ഫാ. ജോസഫ് ചീരന്‍ എഴുതിയ അടിക്കുറിപ്പില്‍ നിന്നും)

 

kerala-pathaka

kerala-pathaka-1

കൊച്ചി സെന്‍റ് തോമസ് അച്ചുകൂടത്തില്‍ അച്ചടിച്ച കേരള പതാക

Comments are closed.